കേരള സര്‍ക്കാരിന്റെ സുപ്രധാന വകുപ്പുകളില്‍ ഒന്നാണ് പൊതുമരാമത്ത് വകുപ്പ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ മുതലായവയുടെ രൂപകല്‍പ്പന, ആസൂത്രണം, നിര്‍മ്മാണം, പരിപാലനം എന്നിവയാണ് വകുപ്പിന്റെ പ്രധാന ചുമതലകള്‍. പൊതുമരാമത്തു വകുപ്പിനെ പൊതുമരാമത്ത് മന്ത്രിയും സെക്രട്ടേറിയറ്റിലെ ഗവര്‍മെന്റ് സെക്രട്ടറിയും നയിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഘടന പ്രധാനമായും അവ കൈകാര്യം ചെയ്യുന്ന പ്രവര്‍ത്തികളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ വിഭാഗവും ഒരു ചീഫ് എഞ്ചിനീയറുടെ നിയന്ത്രണത്തിലാണ്. ചീഫ് എഞ്ചിനീയര്‍മാരുടെ കീഴില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സര്‍ക്കിള്‍ ഓഫീസുകള്‍ ഉണ്ട്. സര്‍ക്കിള്‍ ഓഫീസുകളുടെ കീഴില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ നിയന്ത്രണത്തിലുള്ള ഡിവിഷന്‍ ഓഫീസുകളും ഡിവിഷന് താഴെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ നിയന്ത്രണത്തിലുള്ള സബ് ഡിവിഷന്‍ ഓഫീസുകളും സബ് ഡിവിഷന്‍ ഓഫീസിനു താഴെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ നീയന്ത്രണത്തിലുള്ള സെക്ഷന്‍ ഓഫീസുകളും ഉണ്ട്. പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങളെക്കൂടാതെ, കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP), കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (KSCC), കേരള റോഡ് ഫണ്ട് ബോര്‍ഡ് (KRFB), റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള (RBDCK) , റോഡ് ഇന്ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനി കേരള (RICK) തുടങ്ങിയ സ്ഥാപനങ്ങളും പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ചരിത്രം
കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പൊതുമരാമത്ത് വകുപ്പിന്റെ തുടക്കം 1823 മുതല്‍ തന്നെ ഉണ്ടായിരുന്നതായി മനസ്സിലാക്കാം. അന്നത്തെ തിരുവിതാംകൂര്‍ ദേശത്തില്‍ ഹസൂര്‍ കച്ചേരിയുടെ ഭാഗമായി പണിവക മരാമത്ത് എന്ന ഭരണനിര്‍വ്വഹണസമിതിയുടെ കീഴില്‍ ഒരു മരാമത്ത് വിഭാഗം പ്രവര്‍ത്തിച്ചിരുന്നു. 1854 ല്‍ ഇതു പൊതുമരാമത്ത് വകുപ്പായി മാറ്റി. വകുപ്പിന്റെ ചെലവ് നിയന്ത്രിക്കുന്നതിനായി 1862 ല്‍ ബജറ്റ് സംവിധാനം ആരംഭിക്കുകയും 1898 ല്‍ വകുപ്പിന്റെ അക്കൗണ്ടുകള്‍ ഓഡിറ്റുചെയ്യുന്നതിനായി പുതിയ സംവിധാനം രൂപീകരിക്കുകയും ചെയ്തു. 1901 ലാണ് പി. ഡബ്ല്യു. ഡി കോഡ് നിലവില്‍ വന്നത്. വകുപ്പിലെ ഉദ്യോഗസ്ഥരുടെയും എണ്ണവും ഓഫീസുകളുടെ ഘടനയും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇടയ്ക്കിടെ പുന;സംഘടിപ്പിക്കുകയുണ്ടായി. 1934 മാര്‍ച്ച് 19- ന് കോതയാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രദേശം ഒഴികെ സംസ്ഥാനത്ത് ജലസേചനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടി ഒരു ഇറിഗേഷന്‍ ഡിവിഷന്‍ പൊതുമരാമത്ത് വകുപ്പില്‍ രൂപീകരിച്ചു. 1935 ല്‍ വാട്ടര്‍ വര്‍ക്ക്‌സ് ഡിപ്പാര്‍ടുമെന്റ്‌റ്, ഡ്രെയിനേജ് വര്‍ക്ക്‌സ് ഡിപ്പാര്‍റ്റുമെന്റ്‌റ് എന്നി വകുപ്പുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും പ്രത്യേകമായി വേര്‍തിരിച്ചു. പിന്നീട് 1990 ഏപ്രില്‍ ഒന്നു മുതല്‍ പൊതുമരാമത്ത് വകുപ്പിനെ പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ് എന്നിങ്ങനെ രണ്ട് വകുപ്പുകളായി മാറ്റി.